ന്യൂദല്‍ഹി: 2ജി ലൈസന്‍സുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ പുന$പരിശോധനാ ഹരജി നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്‍െറ പരിഗണനയില്‍. ലൈസന്‍സ് നഷ്ടമാകുന്ന കമ്പനികള്‍ ഹരജി നല്‍കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കുന്നുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇതിന്‍െറ നിയമവശം അറ്റോണി ജനറല്‍ ജി.ഇ. വഹന്‍വതിയോട് ആരാഞ്ഞു.
സുപ്രീംകോടതി വിധി കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലെ ആര്‍ക്കെങ്കിലുമെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചിട്ടുണ്ട്. സ്പെക്ട്രം അനുവദിക്കുന്നതിന് പുതിയ നിയമം ഉണ്ടാക്കുന്നതു വരെ നിലവിലെ രീതി തുടരാന്‍ കഴിയുമോ എന്നും അന്വേഷിച്ചു.
122 ലൈസന്‍സുകളാണ് ഒറ്റയടിക്ക് സുപ്രീംകോടതി റദ്ദാക്കിയത്. വിദേശ കമ്പനികളും ഇക്കൂട്ടത്തില്‍ പെടും. സര്‍ക്കാര്‍ നയത്തിലെ പിഴവാണ് പ്രശ്നത്തിന് കാരണമെന്ന് കമ്പനികള്‍ കുറ്റപ്പെടുത്തുന്നു. വന്‍തോതില്‍ നിക്ഷേപം ഇറക്കിയ തങ്ങളെ വെള്ളത്തിലാക്കരുതെന്ന് ആവശ്യപ്പെട്ട് കടുത്ത സമ്മര്‍ദമാണ് കോര്‍പറേറ്റുകള്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞദിവസം നോര്‍വേ കമ്പനിയായ ടെലിനോറിന് വേണ്ടി അവിടെനിന്നുള്ള ടെലികോം മന്ത്രിതന്നെ വകുപ്പു മന്ത്രി കപില്‍ സിബലിനെ കണ്ട് പ്രശ്നമുന്നയിച്ചു.
പുന$പരിശോധനാ ഹരജിയുമായി സുപ്രീംകോടതിയില്‍ പോകണമെന്ന കാഴ്ചപ്പാട് സര്‍ക്കാറിലും ഒരു വിഭാഗത്തിനുണ്ട്.
2ജി കേസില്‍ എ. രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷ മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫിസ് 16 മാസം വെച്ചു താമസിപ്പിച്ചത് തെറ്റായെന്ന് കഴിഞ്ഞദിവസത്തെ വിധിയില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അനുമതി വേണം.
പ്രോസിക്യൂഷന്‍ അപേക്ഷയില്‍ പരമാവധി നാലു മാസത്തിനകം തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. കുറ്റക്കാര്‍ ആരാണെന്ന് കോടതി പ്രത്യേകമായി പറഞ്ഞിട്ടില്ല. കോടതി നടത്തിയ പരാമര്‍ശത്തിന്‍െറ പേരില്‍ ആര്‍ക്കെങ്കിലും എതിരെ നടപടി ആവശ്യമുണ്ടോ എന്നാണ് അറ്റോണി ജനറലിനോട് മന്‍മോഹന്‍സിങ് ഇപ്പോള്‍ ആരാഞ്ഞിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍