ബംഗളൂരു: വിപ്രോയുടെ ഭരണതലത്തില്‍ അഴിച്ചുപണി. ഇരട്ട സി.ഇ.ഒമാര്‍ എന്ന രീതിക്ക് മാറ്റം വരുത്തി മലയാളിയായ ടി.കെ. കുര്യനെ ഐ.ടി വിഭാഗം ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറായി നിയമിച്ചു. കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായും കുര്യനെ നിയമിച്ചിട്ടുണ്ട്. നിലവിലുള്ള സി.ഇ.ഒമാരായ ഗിരീഷ് പരന്‍ജ്‌പെ, സുരേഷ് വസ്‌വാനി എന്നിവര്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് മാറ്റമെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
10 വര്‍ഷമായി വിപ്രോയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശിയായ കുര്യന്‍ കമ്പനിയുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒരാളാണെന്ന് അസിം പ്രേംജി പറഞ്ഞു. പുതിയ സി.ഇ.ഒ ടി.കെ. കുര്യന്‍ ഫെബ്രുവരി ഒന്നിന് ചുമതലയേല്‍ക്കും. കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മുരടിപ്പിനെത്തുടര്‍ന്ന് നിലവിലെ ഡി.ഇ.ഒമാരെ പുറത്താക്കുകയായിരുന്നു എന്നാണ് സൂചന.
ഭരണതലത്തില്‍ കൂടുതല്‍ ലളിതമായ രീതി ആവശ്യമായതിനാല്‍ ഒറ്റ സി.ഇ.ഒ എന്ന സംവിധാനത്തിലേക്ക് മാറുകയാണെന്നും അസിം പ്രേംജി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍