ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം. കരുണാനിധി ജനുവരി 31ന് ദല്‍ഹിയില്‍ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനമാണ് ചര്‍ച്ചയുടെ അജണ്ടയെങ്കിലും സ്ഥാനമൊഴിഞ്ഞ ടെലികോം മന്ത്രി രാജക്ക് പകരം മറ്റൊരാള്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് പദവി ലഭ്യമാക്കുന്നതും ചര്‍ച്ചാവിഷയമാവും.
ഇൗയിടെ നടന്ന പുനഃസംഘടനയില്‍ ഡി.എം.കെ.ക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയാറായിരുന്നുവെങ്കിലും മുന്‍ മന്ത്രി ടി.ആര്‍. ബാലുവിനെ മന്ത്രിയാക്കണമെന്ന ആവശ്യമാണ് വിലങ്ങുതടിയായത്. ബാലുവിന് നേരത്തേ വഹിച്ചിരുന്ന ഷിപ്പിങ് മന്ത്രാലയം തന്നെ നല്‍കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടിരുന്നതായി അറിയുന്നു.
എന്നാല്‍, തങ്ങള്‍ക്ക് അനഭിമതനായ ബാലു ഒഴികെ മറ്റാരെയെങ്കിലും മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഡി.എം.കെ നിരസിക്കുകയായിരുന്നു. സോണിയയുമായി 31ന് നടത്തുന്ന ചര്‍ച്ചയിലും ബാലുവിനുവേണ്ടി കരുണാനിധി സമ്മര്‍ദം ചെലുത്തിയേക്കും.
തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതൃത്വത്തിലുള്ള ജനാധിപത്യ പുരോഗമന സഖ്യത്തില്‍ കോണ്‍ഗ്രസ്, വി.സി.കെ, മുസ്‌ലിംലീഗ് എന്നിവയാണ് ഘടകകക്ഷികള്‍. പാട്ടാളി മക്കള്‍ കക്ഷിയെക്കൂടി സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. സീറ്റുവിഭജനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഫെബ്രുവരി മൂന്നിന് ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍