കോട്ടയം: ഒറ്റമാര്‍ക്കിന് പോലും റാങ്ക് ലിസ്റ്റ് മാറിമറിയുന്ന മെഡിക്കല്‍- എന്‍ജിനീയറിങ് എന്‍ട്രന്‍സില്‍ പ്ലസ്ടുവിന്റെ മാര്‍ക്ക് കൂടി പരിഗണിക്കുന്നത് ഹയര്‍ സെക്കന്‍ഡറിയിലെ കലോല്‍സവ മല്‍സരാര്‍ഥികള്‍ക്ക് ലോട്ടറിയാവുകയാണ്.
എന്‍ട്രന്‍സിന്റെ ഇന്‍ഡക്‌സ് മാര്‍ക്കിലും കലോല്‍സവ ഗ്രേസ് മാര്‍ക്കിന് വലിയ മാറ്റം വരുത്താന്‍ കഴിയും. ഭാവിയില്‍ ഈ ഒരു കാര്യം മുന്‍കൂട്ടി കണ്ടുതന്നെ കലോല്‍സവ കമ്പം കത്തിക്കയറുമെന്ന് ഉറപ്പാണ്. നിലവില്‍ എ ഗ്രേഡിന് 30 മാര്‍ക്കും, ബി ക്ക് 24 മാര്‍ക്കും സിക്ക് 18 മാര്‍ക്കുമാണ് ലഭിക്കുക. അങ്ങനെനോക്കുമ്പോള്‍ മൂന്ന് ബി ഗ്രേഡ് കിട്ടുന്ന കുട്ടികള്‍ക്കുപോലും റിസള്‍ട്ടില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും.
എന്നാല്‍, ഇക്കാര്യത്തില്‍ ഇനിയും വ്യക്തമായ തീരുമാനം വന്നിട്ടില്ല. പ്ലസ്ടുവിന്റെ മാര്‍ക്ക് എന്‍ട്രന്‍സിന് പരിഗണിക്കുമ്പോള്‍ ആനുപാതികമായ കലോല്‍സവ ഗ്രേസ് മാര്‍ക്കും കിട്ടുമെന്ന് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) കെ. ശശിധരന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് എന്‍ട്രന്‍സ് പരീക്ഷാ കമീഷണറാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വിഷയത്തില്‍ എ ഗ്രേഡ് കിട്ടിയ കുട്ടിക്ക് പ്ലസ്ടു വെയിറ്റേജായി 90 മാര്‍ക്ക് കിട്ടുമെന്ന് ഇതിനര്‍ഥമില്ല.
അടുത്ത ഗ്രേഡിലേക്ക് കടക്കാന്‍ ഒരു വിദ്യാര്‍ഥിക്ക് എത്ര മാര്‍ക്കാണോ കുറവ് അത് നല്‍കുകയാണ് ചെയ്യുകയെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദാഹരണമായി ഒരു കുട്ടിക്ക് എ പ്ലസിന് 20 മാര്‍ക്കാണ് കുറവെങ്കില്‍ 90 മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കിലും അതേകിട്ടൂ. പക്ഷെ, എത്ര ചെറുതാണെങ്കിലും എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റിനെ അതും സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
എന്നാല്‍, ഇതുസംബന്ധിച്ച അനിശ്ചിതത്വവും ആശങ്കയും ഇപ്പോഴും തുടരുകയാണ്. മല്‍സരാര്‍ഥികളോട് വ്യക്തമായ മറുപടി നല്‍കാനും അധികൃതര്‍ക്ക് ആകുന്നില്ല. എന്‍ട്രന്‍സിന്റെ പ്ലസ്ടു വെയിറ്റേജ് മാര്‍ക്ക് പരിഗണിക്കുമ്പോള്‍ കലോല്‍സവ ഗ്രേസ് മാര്‍ക്ക് കൂട്ടില്ലെന്നും പ്രചാരണം ശക്തമാണ്.
പ്ലസ്ടുവിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് പ്രവേശനം കിട്ടുന്ന തമിഴ്‌നാട് പ്രഫഷനല്‍ കോളജുകളില്‍ ഇപ്പോള്‍ തന്നെ ഗ്രേസ് മാര്‍ക്ക് വഴി പ്രവേശനം നേടിയവര്‍ നിരവധിയാണ്. ഇതോടെ ഭാവിയില്‍ കേരളത്തിലും ഇതേ അവസ്ഥ വരുമെന്ന് ആശങ്കയുണ്ട്. കലോല്‍സവ വേദികള്‍ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസുപോലെയാവുന്നതോടെ കേരള കലാരംഗം നേരിടുന്ന ഏറ്റവും വലിയ സാംസ്‌കാരിക പ്രശ്‌നമാവും ഇത് വരുത്തുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗ്രേസ് മാര്‍ക്ക് കുറക്കണമെന്ന ആവശ്യവും ശക്തമാണ്. ബി, സി ഗ്രേഡുകളുടെ മാര്‍ക്ക് പകുതിയായി കുറക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്.
അടുത്തവര്‍ഷം ചേരുന്ന മാന്വല്‍ പരിഷ്‌കരണ കമ്മിറ്റി ഇക്കാര്യവും പരിഗണിക്കുന്നുണ്ട്.



നിങ്ങളുടെ അഭിപ്രായങ്ങള്‍