ഗ്വണ്ടാനമോയില്‍ വീണ്ടും വിചാരണ തുടങ്ങുന്നു

ന്യൂയോര്‍ക്: അമേരിക്കയുടെ  കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയില്‍ വീണ്ടും വിചാരണ തുടങ്ങുന്നു. 10 വര്‍ഷമായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത വിമര്‍ശം നേരിടുന്ന ക്യൂബയിലെ തടവറ അടച്ചുപൂട്ടുന്നതിന് 2009ല്‍ യു.എസ് പ്രസിഡന്റ് ബറാക് ഒപ്പുവെച്ചിട്ടുണ്ടെങ്കിലും സൗദി പൗരന്‍ അബ്ദുറഹ്മാന്‍ അന്നശീരി ഉള്‍പ്പെടെയുള്ളവരുടെ കേസുകളില്‍ ഉടന്‍ വിചാരണ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.
ഗ്വണ്ടാനമോയില്‍ പുതിയ വിചാരണ നിരോധിച്ചുകൊണ്ടുള്ള 2009ലെ ഉത്തരവ് റദ്ദാക്കി യു.എസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് വിജ്ഞാപനം ഇറക്കുമെന്ന് യു.എസ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
2000ത്തില്‍ യമനില്‍വെച്ച് അമേരിക്കന്‍ കപ്പല്‍ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന അന്നശീരിയെ കഠിനമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നിരുന്നു.
ഗ്വണ്ടാനമോ അടച്ചുപൂട്ടാനും തടവുകാരെ അമേരിക്കയിലോ വിദേശത്തോ ഉള്ള ജയിലിലേക്ക് മാറ്റാനുമുള്ള എക്‌സിക്യൂട്ടിവ് ഉത്തരവിലാണ് 2009ല്‍ ഒബാമ ഒപ്പുവെച്ചിരുന്നത്. എന്നാല്‍, തടവുകാരെ വിദേശത്തേക്ക് മാറ്റുന്നത് വിലക്കിക്കൊണ്ടുള്ള പുതിയ നിയമത്തില്‍ അദ്ദേഹം ജനുവരിയില്‍ ഒപ്പുവെച്ചതോടെ ഗ്വണ്ടാനമോ പൂട്ടാനുള്ള സാധ്യതയില്ലാതായി. ഈ സാഹചര്യത്തിലാണ് വീണ്ടും വിചാരണ നടപടികള്‍ക്ക് പ്രതിരോധ വകുപ്പ് നീക്കം തുടങ്ങിയത്. ഗ്വണ്ടാനമോ അടച്ചുപൂട്ടുന്നതിനുള്ള ഒബാമയുടെ നീക്കങ്ങള്‍ക്ക് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്ന് ഒരിക്കലും കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. അമേരിക്കയിലെ സിവില്‍ കോടതികളിലേക്ക് ഗ്വണ്ടാനമോ തടവുകാരുടെ കേസുകള്‍ മാറ്റുന്നതിനെതിരെ ജനങ്ങളുടെ കടുത്ത സമ്മര്‍ദവുമുണ്ടായിരുന്നു. ഗ്വണ്ടാനമോയില്‍ ഇപ്പോള്‍ 174 തടവുകാരുണ്ട്.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.