വാര്‍ത്ത ചോര്‍ച്ച: വി.എസ് കേന്ദ്രനേതൃത്വത്തെ സമീപിക്കും

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോയുടെ അച്ചടക്ക നടപടി സംബന്ധിച്ച വാര്‍ത്ത ചോര്‍ന്നതിനെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സമീപിക്കും.
സി.പി.എമ്മിന്റെ അച്ചടക്ക നടപടിയില്‍ ഏറ്റവും മൃദുവായ നടപടിയാണ് രഹസ്യമായ ശാസന. എന്നാല്‍  വി.എസിനെതിരായ പി.ബി യോഗ തീരുമാനം മാധ്യമങ്ങളിലേക്ക് ചോര്‍ന്നത് പരസ്യമായ ശാസനക്ക് തുല്യമായി. ഇത് പാര്‍ട്ടി അച്ചടക്കത്തിന്റെ ഗുരുതര ലംഘനമാണെന്നും ഇതിന്റെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നുമാണ് വി.എസ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുക. മാത്രമല്ല സാന്‍ഡിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന ലോട്ടറിയുടെ നികുതി വെട്ടിപ്പിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ എന്ന് പറയുന്നത് വൈരുദ്ധ്യമാണെന്നും ഇതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും എന്നുമാണ് വി.എസ് പക്ഷം ചോദിക്കുന്നത്. സി.ബി.ഐ അന്വേഷണം ആദ്യമായി ആവശ്യപ്പെട്ടത് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അല്ലെ ന്നും ധനമന്ത്രി തോമസ് ഐസക് ആണെന്നും പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
റസല്‍ ജോയി എന്ന അഭിഭാഷകന്‍ ലോട്ടറി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ അന്വേഷണം ആകാം എന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി അംഗമായ വി.ഡി. സതീശനുമായി മന്ത്രി തോമസ് ഐസക് നടത്തിയ പരസ്യ സംവാദത്തിനിടെയും ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്ന് ഐസക് പരസ്യമായി പ്രഖ്യാപിച്ചതായും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാട് പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ചിട്ടാണോ എടുത്തതെന്നും വി.എസ് ഉന്നയിക്കും.
സി.ബി.ഐ അന്വേഷണം വേണമെന്ന് പരസ്യമായി പറയുകയും എന്നാല്‍ അതിനുള്ള തുടര്‍ നടപടികള്‍ എടുക്കാതിരിക്കുകയുമാണ് ഐസക് ചെയ്തതെന്ന് വി.എസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു നിലപാട് പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകം എടുത്തതായി തനിക്ക് അറിവില്ലെന്ന കാര്യം വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കും.
 സി.ബി.ഐ അന്വേഷണം വേണമെന്ന മന്ത്രി ഐസക്കിന്റെ നിലപാട് പാര്‍ട്ടി അച്ചടക്ക ലംഘനം അല്ലാതാവുകയും താന്‍ നിയമാനുസൃതമായി നടപടി ആവശ്യപ്പെട്ടപ്പോള്‍ അത് പാര്‍ട്ടി അച്ചടക്കത്തിന് എതിരാണെന്ന് പറയുന്നതില്‍ വൈരുധ്യമുണ്ടെന്നുമുള്ള നിലപാടിലാണ് മുഖ്യമന്ത്രി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ സി.പി.എം കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രി പരാതി നല്‍കിയേക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.