കര്‍ട്ടന്‍വീണ് മത്സരം തടസ്സപ്പെട്ട വിദ്യാര്‍ഥിയുടെ അപ്പീല്‍ തള്ളി; ലോകായുക്തക്ക് പരാതി നല്‍കി

മലപ്പുറം: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സ്‌റ്റേജില്‍ കയറിയ സമയം കര്‍ട്ടന്‍ തട്ടി മൈക്ക് വീണ് മോണോ ആക്ട് മത്സരം തടസ്സപ്പെട്ട വിദ്യാര്‍ഥിയുടെ അപേക്ഷ അപ്പീല്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ തള്ളിയെന്ന് മത്സരാര്‍ഥിയുടെ പിതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ മൂന്ന് മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട ചെമ്മങ്കടവ് പി.എം.എസ്.എ.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥി ഹരിത കെ. പ്രസാദും പിതാവും ഇതേ സ്‌കൂള്‍ അധ്യാപകനുമായ കെ.ജി. പ്രസാദുമാണ് അപ്പീല്‍ കമ്മിറ്റിക്കെതിരെയും പ്രോഗ്രാം കമ്മിറ്റിക്കെതിരെയും രംഗത്ത് വന്നത്. നടപടിക്കെതിരെ ലോകായുക്തയില്‍ അപ്പീല്‍ പോകുമെന്ന് പ്രസാദ് പറഞ്ഞു. അപ്പീലില്‍  ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥി വേദി പൂര്‍ണമായി ഉപയോഗിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യം അപ്പീല്‍ കമ്മിറ്റി ഹരിതക്കെതിരെ ഉന്നയിക്കുകയായിരുന്നു. മത്സരത്തിന്റെ സീഡി പരിശോധിച്ചാല്‍ അപ്പീലില്‍ ഉന്നയിച്ച ആരോപണം വ്യക്തമാകും.
ഹരിത മത്സരത്തില്‍ പങ്കെടുക്കാന്‍ സ്‌റ്റേജില്‍ കയറിയശേഷം കര്‍ട്ടന്‍ ഉയര്‍ന്നപ്പോഴാണ് മൈക്ക് താഴെ വീണത്. കര്‍ട്ടന്‍ താഴ്ത്തി വീണ്ടും സെറ്റ് ചെയ്താണ് മത്സരം തുടര്‍ന്നത്. ഇക്കാര്യം എഴുതി തരാമെന്ന് സ്‌റ്റേജ് മാനേജര്‍ പറഞ്ഞെങ്കിലും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ അധ്യാപക സംഘടനാ നേതാവ് വിലക്കുകയായിരുന്നു. സാങ്കേതിക തകരാര്‍ മത്സരത്തില്‍ ഉണ്ടായില്ലെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അപ്പീല്‍ കമ്മിറ്റിയെ അറിയിച്ചതായാണ് വിവരം. പരാതിക്കാരിയെ വിളിക്കാതെയാണ് തീര്‍പ്പ് കല്‍പ്പിച്ചതെന്നും പ്രസാദ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.