ശ്രീകണ്ഠപുരം: വിദ്യാര്‍ഥികള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ശ്രീകണ്ഠപുരം-ഇരിക്കൂര്‍-ചാലോട്-കണ്ണൂര്‍ റൂട്ടില്‍ ബസ് തൊഴിലാളികള്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് അനാവശ്യ പണിമുടക്ക് നടത്തിയെന്നാരോപിച്ച് ശനിയാഴ്ച ഇതേ റൂട്ടില്‍ ബസുകള്‍ ഓടാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ശ്രീകൃഷ്ണ ബസ് ഡ്രൈവര്‍ വിനേഷിനെ മര്‍ദിച്ച സംഭവത്തില്‍ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിലെ ആറു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
തൊഴിലാളികള്‍ യൂനിയന്‍ തീരുമാനംപോലും നോക്കാതെ പണിമുടക്ക് നടത്തി ജനങ്ങളെ ദുരിതത്തിലാക്കിയതിനാല്‍ ശനിയാഴ്ചയും ഓടാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് കൊളപ്പ, ഇരിക്കൂര്‍, പെരുവളത്തുപറമ്പ് എന്നിവിടങ്ങളില്‍നിന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും മുഴുവന്‍ ബസുകളും തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ രണ്ടാംദിനവും ഈ റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നും വിദ്യാര്‍ഥികളെ കയറ്റിയില്ലെന്നും പറഞ്ഞ് വിദ്യാര്‍ഥികള്‍ ഡ്രൈവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊലീസില്‍ പരാതിയും നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍