ഭര്‍ത്താക്കന്മാര്‍ മുഖേന യുവതി ലക്ഷങ്ങള്‍ തട്ടിയ സംഭവം: കബളിപ്പിക്കപ്പെട്ടവര്‍ക്ക് പണം തിരിച്ചുകിട്ടിയില്ല

കോഴിക്കോട്: രണ്ടു ഭര്‍ത്താക്കന്മാര്‍ മുഖേന യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്ക് പണം തിരിച്ചുകിട്ടിയില്ല. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ടുവര്‍ഷം മുമ്പാണ് കൊയിലാണ്ടി നടേരി സ്വദേശിനി തന്റെ രണ്ടു ഭര്‍ത്താക്കന്മാരുടെയും കുടുംബാംഗങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും 10,000 മുതല്‍ 60,000 രൂപവരെ കൈപ്പറ്റി  ഏതാണ്ട് 25 ലക്ഷം രൂപ തട്ടിയത്. നരിക്കുനി, കൊയിലാണ്ടി, അണ്ടിക്കോട്, അരിക്കുളം തുടങ്ങിയ  ഭാഗത്തുള്ളവരാണ് യുവതിയുടെ തട്ടിപ്പിനിരയായത്.
   തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് മുങ്ങിയ യുവതിയെ  ആദ്യ ഭര്‍ത്താവ് മെഡിക്കല്‍ കോളജ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 14ന് കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, കോടതിയില്‍നിന്ന് യുവതി ഇരുഭര്‍ത്താക്കന്മാരെയും ഉപേക്ഷിച്ച് ചെറിയമ്മക്കൊപ്പം പോയി.
   യുവതിയെ 1994ല്‍ വിവാഹം ചെയ്ത പയമ്പ്ര സ്വദേശി രവി, 2007ല്‍ വിവാഹം കഴിച്ച അരിക്കുളം സ്വദേശി ധനേഷ് എന്നിവരാണത്രെ പണം കൈപ്പറ്റുന്നതിന് ഇടനിലക്കാരായി നിന്നത്.
 താന്‍ മെഡിക്കല്‍ കോളജിലെ നഴ്‌സാണ് എന്നു പറഞ്ഞാണ് യുവതി ഇരുവരെയും വിവാഹം കഴിച്ചത്.
ഹോസ്റ്റലില്‍ താമസിക്കണമെന്ന് പറഞ്ഞാണ് യുവതി ഇരു ഭര്‍ത്താക്കന്മാരുടെയും വീട്ടില്‍ മാറി മാറി താമസിച്ചത്. പണം നഷ്ടപ്പെട്ടവര്‍ രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പിതാവിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ സ്ഥലം വിറ്റ് പണം തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സ്ഥലം പണയപ്പെടുത്തി ബാങ്കില്‍നിന്ന് നേരത്തേ വായ്പയെടുത്തതിനാല്‍ ഭൂമി വില്‍ക്കാനാവാത്ത സ്ഥിതിയാണ്.   
  തട്ടിപ്പിനിരയായവര്‍ കഴിഞ്ഞദിവസം പേരാമ്പ്രയിലെ ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്ന് നിയമനടപടി ആലോചിച്ചെങ്കിലും  പണം നഷ്ടപ്പെട്ട ആരുടെയെങ്കിലും പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത് തുക പെട്ടെന്ന് ലഭ്യമാക്കാമെന്ന ധാരണയില്‍  തീരുമാനം മാറ്റുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.