May 18 Fri 2012
10:16:05
Homepage
About us
Contact us
Send your feedback
facebook
twitter
feed

സമ്മര്‍ദങ്ങളുടെ പെനാല്‍റ്റി ബോക്‌സില്‍ മെസ്സി

സമ്മര്‍ദങ്ങളുടെ പെനാല്‍റ്റി  ബോക്‌സില്‍ മെസ്സി

ബ്വേനസ് എയ്‌റിസ്: ആധുനിക ഫുട്ബാളിലെ അതിപ്രഗല്ഭരില്‍ അഗ്രഗണ്യനെന്ന് വിശേഷണം. ശിരസ്സില്‍ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള കിരീടം. ബാഴ്‌സലോണയുടെ കളിക്കുപ്പായത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയുള്ള പടയോട്ടത്തിന്റെ ഇടവേളയില്‍ ലയണല്‍ ആന്ദ്രേ മെസ്സി കോപ അമേരിക്ക ഫുട്ബാളിന്റെ പുല്‍മേട്ടില്‍ പന്തുതട്ടാനിറങ്ങിയത് ഒരുപാട് മോഹങ്ങളും പേറിയാണ്. ക്ലബ് ഫുട്ബാളില്‍ നേട്ടങ്ങളുടെ ഗിരിശൃംഗങ്ങളിലേക്ക് നിരന്തരം പന്തടിച്ചു കയറ്റിയിട്ടും പിറന്ന നാടായ അര്‍ജന്റീനക്കുവേണ്ടി ആ മികവ് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശങ്ങളുടെ മുനയൊടിക്കാന്‍ മെസ്സി അത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നതാണ് നേര്. ഇക്കഴിഞ്ഞ ലോകകപ്പില്‍ നീലയും വെള്ളയും കുപ്പായത്തില്‍ ഒരു ഗോള്‍പോലും നേടാനാവാതെ നിരാശപ്പെടുത്തിയ മെസ്സിയെ ലോകം വാഴ്ത്തിപ്പാടുമ്പോഴും അര്‍ജന്റീന ഒന്നടങ്കം അതിരുകളില്ലാത്ത സ്‌നേഹത്തോടെ നെഞ്ചേറ്റുന്നില്ലെന്നതാണ് സത്യം. ഡീഗോ മറഡോണയെ അത്രമേല്‍ ആരാധിക്കുന്ന നാട്ടില്‍ മെസ്സി അത്യാദരവുകള്‍ നേടാന്‍ അനിതരസാധാരണമായൊരു പ്രകടനം അവര്‍ പ്രതീക്ഷിക്കുന്നു.

ഈ പ്രതീക്ഷകളിലേക്ക് ഡ്രിബിള്‍ ചെയ്തു കയറാനുറച്ചാണ് ലയണല്‍ അര്‍ജന്റീന ആതിഥ്യമരുളുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിന് നാട്ടിലെത്തിയത്. എന്നാല്‍, ഗ്രൂപ്പില്‍ ആദ്യ കളിയില്‍ ബൊളീവിയയോടും തൊട്ടുപിന്നാലെ കൊളംബിയയോടും സമനില വഴങ്ങിയതോടെ ടീമിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റു. ഇതോടെ വിമര്‍ശങ്ങളുടെ ഗതി ഒരിക്കല്‍കൂടി മെസ്സിയിലേക്ക് നീളുകയാണ്. കൊളംബിയക്കെതിരായ മത്സരശേഷം മെസ്സിയുള്‍പ്പെടുന്ന സ്വന്തം ടീമിനെ അര്‍ജന്റീനാ ആരാധകര്‍ കൂക്കിവിളിച്ചാണ് യാത്രയയച്ചത്.

ബാഴ്‌സക്കൊപ്പമുള്ള മെസ്സിയുടെ ചുവടുകള്‍ ലോകം അതിശയത്തോടെ കണ്ടുനിന്നുവെങ്കില്‍ അര്‍ജന്റീനാ ജഴ്‌സിയില്‍ വന്‍ സമ്മര്‍ദത്തിലാണിപ്പോള്‍ ഈ 24കാരന്‍. കോസ്റ്ററീകക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജയം നേടാന്‍ കഴിയാതെ അര്‍ജന്റീന പുറത്തായാല്‍ പഴി ഏറിയകൂറും തനിക്കുനേരെയായിരിക്കുമെന്ന് ലോക ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ പട്ടം ചൂടിയ ഈ റൊസാരിയോക്കാരന്‍ തിരിച്ചറിയുന്നുണ്ട്.

കനത്ത സമ്മര്‍ദത്തിലാണ് തന്റെ പ്രിയപുത്രനെന്ന് കൊളംബിയക്കെതിരായ കളിക്കുശേഷം മെസ്സിയുടെ പിതാവ് ജോര്‍ജ് പറഞ്ഞു. 'തന്നെയും സഹതാരങ്ങളെയും കൂക്കിവിളിച്ചതില്‍ അവന് വല്ലാത്ത സങ്കടമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അവന് മനസ്സിലാകുന്നില്ല. ഇതാദ്യമായാണ് അര്‍ജന്റീന ആരാധകര്‍ അവനെ കൂക്കിവിളിക്കുന്നത്.'- 'റേഡിയോ ടെണ്ണി'നോട് ജോര്‍ജ് വ്യക്തമാക്കി.

കഴിഞ്ഞ 18 വര്‍ഷത്തിനിടെ കിരീടനേട്ടങ്ങളിലെത്താന്‍ കഴിയാതിരുന്ന അര്‍ജന്റീനയെ ഇത്തവണ കോപയില്‍ കിരീടം ചൂടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു മെസ്സി. എന്നാല്‍, താരതമ്യേന ദുര്‍ബലരായ ടീമുകള്‍ക്കെതിരെ ആദ്യ രണ്ടു മത്സരങ്ങളിലും തകര്‍പ്പന്‍ ഫോം പുറത്തെടുക്കാന്‍ മെസ്സിക്ക് കഴിഞ്ഞില്ല. രണ്ടു കളികളിലായി ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീന സ്‌കോര്‍ ചെയ്തത്. അണ്ടര്‍ 23 ടീമിലെ മിക്ക താരങ്ങളെയും അണിനിരത്തി പരീക്ഷണാടിസ്ഥാനത്തില്‍ കളത്തിലിറങ്ങുന്ന കോസ്റ്ററീക എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കഴിഞ്ഞ ദിവസം ബൊളീവിയയെ തോല്‍പിച്ചതോടെ അര്‍ജന്റീന ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

ബാഴ്‌സലോണയിലേതു വ്യത്യസ്തമായ സാഹചര്യമാണെന്ന് മെസ്സിയുടെ പിതാവ് ചൂണ്ടിക്കാട്ടി. 'നാലു വര്‍ഷമായി ഒന്നിച്ചു കളിക്കുന്ന താരങ്ങളാണവിടെ. ദേശീയ ടീമിനെ അതുമായി താരതമ്യം ചെയ്യാനാവില്ല. കോപ അമേരിക്കയില്‍ സ്വന്തം നാട്ടില്‍ കളിക്കുന്നത് സമ്മര്‍ദം വര്‍ധിപ്പിക്കുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കി.

എന്നാല്‍, ടീം നന്നായി കളിക്കാത്തത് മെസ്സിയുടെ തെറ്റല്ലെന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ യാവിയര്‍ മഷറാനോ പറഞ്ഞു. ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒത്തിണങ്ങിക്കളിച്ചിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. തിങ്കളാഴ്ച മുതല്‍ ഞങ്ങള്‍ വേറൊരു കോപ അമേരിക്ക തുടങ്ങും'- മഷറാനോ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.