May 18 Fri 2012
10:16:05
Homepage
About us
Contact us
Send your feedback
facebook
twitter
feed

കോപയിലെ ക്ലാസിക്

വിശപ്പിന്റെ മുറവിളി കീഴടക്കാന്‍ പഴന്തുണിക്കെട്ടില്‍ തീര്‍ത്ത പന്തുമായി മലയിടുക്കുകളില്‍ കളിയഭ്യസിച്ച് നാടും ലോകവും കീഴടക്കിയവരുടെ നാട്ടിലേക്ക് ഒരിക്കല്‍ കൂടി കോപയുടെ ആവേശം വിരുന്നെത്തുകയാണ്. പച്ചപ്പുല്‍ മൈതാനിയെ ക്യാന്‍വാസാക്കി പന്തിലെ കുറിയ നീക്കങ്ങളും ചടുലനൃത്തങ്ങളും കൊണ്ട് അമൂല്യ രചനകള്‍ തീര്‍ത്ത ആധുനിക പിക്കാസോമാര്‍ പുതുചരിത്രത്തിനൊരുങ്ങുന്നു. ഫുട്ബാള്‍ ചക്രവര്‍ത്തിയായി വാഴ്ത്തുന്ന ഡിസ്റ്റീഫാനോയുടെയും കാല്‍പന്ത് കളിയിലെ ദൈവമായി അവരോധിക്കുന്ന ഡീഗോ മറഡോണയുടെയും പിന്മുറക്കാര്‍ നാളെമുതല്‍ പിറന്ന മണ്ണില്‍ വീരചരിതം തീര്‍ക്കാന്‍ കച്ചകെട്ടും. ലോകഫുട്ബാളിലെ ഏറ്റവും പഴക്കമേറിയ മേളയുടെ 43ാമത് എഡിഷനാണ് ഇക്കുറി ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ പറുദീസയായ അര്‍ജന്റീന വേദിയാവുന്നത്. 1993ന് ശേഷം ഒരു കോപ കിരീടം കൂടി നേടി, ഏറ്റവും കൂടുതല്‍ തവണ കോപ്പ കീശയിലാക്കിയവര്‍ എന്ന ചരിത്രം കുറിക്കാന്‍ ലക്ഷ്യമിട്ടാണ് ആകാശനീലിമയുടെ വര്‍ണവുമായി ആതിഥേയര്‍ ഒരുങ്ങുന്നത്. 14 തവണ കോപയില്‍ മുത്തമിട്ട അര്‍ജന്റീനക്കൊപ്പം ഇത്രയും തവണ തന്നെ കിരീടം ചൂടിയ ഉറുഗ്വായാണ് ഉള്ളത്.

യൂറോപ്പില്‍ വട്ടമിട്ടു പറന്ന കളി വസന്തത്തിന്റെ ലാറ്റിനമേരിക്കന്‍ ആവേശത്തിലേക്കുള്ള കുടിയേറ്റം കൂടിയാണ് ഈ മേള. യൂറോപ്യന്‍ ക്ലബുകള്‍ക്ക് ജീവന്‍ നല്‍കുന്ന അതികായരിലേറെയും ബ്രസീലില്‍ നിന്നോ അര്‍ജന്റീനയില്‍ നിന്നോ ഉള്ളവര്‍. ലോകഫുട്ബാളിനെ ഭരിക്കുന്നവരുടെ പോരാട്ടമാണിതെന്നതാണ് കോപക്ക് ആഗോള പ്രാധാന്യം നല്‍കുന്നത്. 2014 ഫിഫ ലോകകപ്പിന് ബ്രസീല്‍ ആതിഥ്യം വഹിക്കുന്നതിന്റെ മുന്നോടിയായയാണ് കോപക്ക് അര്‍ജന്റീനയില്‍ പന്തുരുളുന്നതെന്ന പ്രത്യേകതയുമുണ്ട്.

1987ലാണ് അര്‍ജന്റീന അവസാനമായി കോപയുടെ പോരാട്ടങ്ങള്‍ക്ക് ആതിഥ്യം വഹിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം നടന്ന മെക്‌സിക്കോ ലോകകപ്പില്‍ മറഡോണയുടെ മാന്ത്രികതയിലൂടെ വിശ്വം കീഴടക്കിയ ആവേശത്തിലായിരുന്നു അര്‍ജന്റീന നാട്ടില്‍ പന്തു തട്ടാനിറങ്ങിയത്. എന്നാല്‍, ലോകചാമ്പ്യന്മാരുടെ കണക്കുകൂട്ടല്‍ മാറിമറിഞ്ഞു. നാട്ടില്‍ ചരിത്രം കുറിക്കുമെന്ന സ്വപ്‌നം സെമിഫൈനലില്‍ തകര്‍ന്നടിഞ്ഞ് ആതിഥേയര്‍ നാലാം സ്ഥാനക്കാരായി കീഴടങ്ങി. അന്ന് മറഡോണയുടെ സാന്നിധ്യമായിരുന്നു അര്‍ജന്റീനയുടെ ജീവവായുവെങ്കില്‍ ഇന്ന് ലയണല്‍ മെസ്സിയെന്ന പിന്‍ഗാമിയുണ്ട്. ആത്മവിശ്വാസത്തിന് തെല്ലും കുറവില്ലാതെയാണ് ആതിഥേയരുടെ പടയൊരുക്കം. കോപ 2004ലും 2007ലും പാരമ്പര്യ വൈരികളായ ബ്രസീലിന് മുന്നില്‍ കലാശപ്പോരാട്ടത്തില്‍ കീഴടങ്ങിയതും 2010 ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്വാര്‍ട്ടറില്‍ ജര്‍മനിക്കുമുന്നില്‍ നാണംകെട്ട് തോറ്റതും അവര്‍ മറന്നുകഴിഞ്ഞു. ഇന്നും അവരെ ആവേശം കൊള്ളിക്കുന്നത് മറഡോണയും ഇപ്പോഴത്തെ കോച്ച് സെര്‍ജിയോ ബാറ്റിസ്റ്റയുമെല്ലാം മിന്നിത്തിളങ്ങിയ പ്രതാപകാല സംഘത്തിന്റെ ഓര്‍മകളാണ്. ജൂലായ് 24ന് ബ്വേനസ്എയ്‌റിസിലെ മോണുമെന്റ്‌സ് സ്‌റ്റേഡിയത്തില്‍ മെസ്സിയും സംഘവും രാജ്യത്തിന്റെ 15ാമത് കോപ അമേരിക്ക കിരീടം ഉയര്‍ത്തിനില്‍ക്കുന്നതും സ്വപ്‌നം കണ്ടാണ് ഫുട്ബാള്‍ ഭ്രാന്തിന്റെ മണ്ണ് ഇന്നും ഉറക്കമെഴുന്നേല്‍ക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ തകര്‍ന്നടിഞ്ഞ മറഡോണയുടെ സംഘത്തില്‍നിന്ന് ഒരുവര്‍ഷത്തിനകം അടിമുടിമാറ്റത്തിന്റെ പാതയിലാണ് അര്‍ജന്റീന. പരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കിയ മറഡോണക്കുപകരം സ്ഥാനമേറ്റ ബാറ്റിസ്റ്റ ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഈ കോപക്കായി ടീമിനെ ഒരുക്കിയത്. ലോകഫുട്ബാളര്‍ ലയണല്‍ മെസ്സി നയിക്കുന്ന മുന്‍നിര ആക്രമണത്തില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍, സെര്‍ജിയോ അഗ്യൂറോ, ഡീഗോ മിലിറ്റോ, കാര്‍ലോസ് ടെവസ് എന്നിവരാണ് മുന്നണിപ്പോരാളികള്‍. നേരത്തെ കോച്ചിന്റെ പട്ടികയില്‍ സ്ഥാനം പിടിക്കാതിരുന്ന കാര്‍ലോസ് ടെവസ് ഏറെ ഒച്ചപ്പാടുകള്‍ക്ക് ശേഷമാണ് ടീമിലെത്തിയത്. വെറ്ററന്‍ താരം എസ്തബന്‍ കാബിയാസോയുടെ നേതൃത്വത്തിലുള്ള മധ്യനിരയില്‍ യാവിയര്‍ മഷറാനോ, എയ്ഞ്ചല്‍ ഡി മരിയ, യാവിയര്‍ പാസ്‌റ്റോര്‍, ഫെര്‍ണാണ്ടോ ഗാഗോ എന്നിവരുടെ സാന്നിധ്യമാണ് ശക്തിപകരുന്നത്. ഇന്റര്‍മിലാന്‍ താരം യാവിയര്‍ സനേടി, ബാഴ്‌സയുടെ ഗബ്രിയേല്‍ മിലിറ്റോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പാബ്ലോ സബലേറ്റ, റയലിന്റെ സീക്യല്‍ ഗാരി എന്നിവരാണ് പ്രതിരോധകോട്ടയൊരുക്കുന്നത്.

എട്ടുതവണ കോപ്പക്ക് ആതിഥ്യം വഹിച്ചതില്‍ ആറുതവണയും ചാമ്പ്യന്മാരായവരെന്ന പ്രത്യേകത അര്‍ജന്റീനക്കുണ്ട്. 1916ലും 1987ലുമായിരുന്നു ആതിഥേയരായിരുന്നിട്ടും കിരീടം കൈവിട്ടത്. ഏറ്റവും ഒടുവില്‍ 1993ല്‍ അല്‍ഫിയോ ബാസിലെക്കുകീഴില്‍ കോപ്പ നേടിയശേഷം അര്‍ജന്റീനയുടെ ഷെല്‍ഫിലേക്ക് ഒരു രാജ്യാന്തര കിരീടം ഇതുവരെയെത്തിയിട്ടില്ല. അതിനുശേഷം നടന്ന ആറ് കോപ്പയും അഞ്ച് ലോകകപ്പും അവരെ സ്‌പര്‍ശിച്ചിട്ടില്ല.

ഇക്കുറി കിരീടത്തിലേക്ക് കച്ചമുറുക്കുമ്പോള്‍ ബാറ്റിസ്റ്റയുടെ പ്രതീക്ഷകള്‍ മുഴുവന്‍ മെസ്സിയിലും സംഘത്തിലുമാണ്. സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണക്കുവേണ്ടി കരിയറിലെ ഏറ്റവും മികച്ചപ്രകടനം നടത്തിയ മെസ്സി ദേശീയടീമിന്റെ കുപ്പായത്തില്‍ എത്രമാത്രം മികവ് പുറത്തെടുക്കുമെന്നാണ് ചോദ്യം. ക്ലബ്ബില്‍ മികച്ചകളി കാഴ്ചവെക്കുമ്പോഴും ദേശീയടീമില്‍ മെസ്സി തുടര്‍ച്ചയായ പരാജയമാവുന്നു. വ്യക്തിഗത കണക്കെടുപ്പില്‍ ഓരോതരവും ഇഞ്ചോടിഞ്ച് മികവ് പ്രകടിപ്പിക്കുമ്പോള്‍ ടീമെന്ന നിലയില്‍ അവര്‍ കാണിക്കുന്ന ഒത്തിണക്കമാവും കോപയിലെ കിരീടസാധ്യത നിശ്ചയിക്കുക. ടൂര്‍ണമെന്റിനായി മാസങ്ങള്‍ക്കുമുമ്പേ തയാറെടുപ്പിലായിരുന്നെങ്കിലും ഏറ്റവും ഒടുവിലായി സന്നാഹമത്സരത്തില്‍ പോളണ്ടിനും നൈജീരിയക്കും മുന്നില്‍ വഴങ്ങിയ തോല്‍വി ആരാധകരെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇതിനെല്ലാം പുറമെയാണ് രണ്ട്‌നാള്‍മുമ്പ് ബ്വേനസ് എയ്‌റിസിലെ റിവര്‍പ്ലേറ്റ് തട്ടകത്തില്‍ പൊട്ടിപ്പുറപ്പെട്ട ഫുട്ബാള്‍ കലാപവും.

അഞ്ചുതവണ ലോകചാമ്പ്യന്മാരും എട്ടുതവണ കോപ്പയും സ്വന്തമാക്കിയ ബ്രസീലാണ് ഇക്കുറി ഹോട്‌ഫേവറിറ്റ് പട്ടികയിലെ മുമ്പന്മാര്‍. കോപയില്‍ ഹാട്രിക് തികക്കാന്‍ ലക്ഷ്യമിട്ടാണ് ബ്രസീല്‍ അര്‍ജന്റീനയിലെത്തിയിരിക്കുന്നത്. കോച്ച് മാനോ മെനിസസിനുകീഴില്‍ അടിമുടി പുതുക്കിപ്പണിതാണ് മഞ്ഞപ്പടയുടെ വരവ്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഹോളണ്ടിനുമുന്നില്‍ അട്ടിമറി തോല്‍വി വഴങ്ങി പുറത്തായതോടെ പരിശീലക സ്ഥാനത്തുനിന്നും നീക്കംചെയ്യപ്പെട്ട ദുംഗയുടെ പിന്‍ഗാമിയായാണ് മെനിസസ് കോച്ചായി ചുമതലയേറ്റത്. സൂപ്പര്‍ താരങ്ങളുടെ തലവെട്ടി പുതിയ യുവനിരയുമായാണ് മഞ്ഞപ്പടയുടെ ഒരുക്കം. ടീമില്‍ ഏറെയും പുതുമുഖങ്ങള്‍. ഈ ടൂര്‍ണമെന്റില്‍ താരമാവുമെന്ന് കണക്കുകൂട്ടുന്ന നെയ്മര്‍, അലക്‌സാന്ദ്രെ പാറ്റോ, സാന്ദ്രോ തുടങ്ങിയവരൊക്കെയാണ് ബ്രസീലിലെ പുതിയ പ്രതീക്ഷകള്‍. ഇവര്‍ക്ക് വഴികാട്ടാന്‍ പരിചയസമ്പന്നരായ റൊബീന്യോ, ഇലാനോ, യൂസിയോ, മൈകോണ്‍, ഗോള്‍കീപ്പര്‍ ജൂലിയോ സീസര്‍ തുടങ്ങിയവരും ടീമിലുണ്ട്.

റൊബീന്യോയുടെ നേതൃത്വത്തിലുള്ള മുന്‍നിരയില്‍ കൗമാരക്കാരന്‍ നെയ്മര്‍, അലക്‌സാന്ദ്രോ പാറ്റോ, ഫ്രെഡ് എന്നിവരാണ് താരങ്ങള്‍. മധ്യനിരയില്‍ ലിവര്‍പൂളിന്റെ ലൂകാസ് ലീവ്, ചെല്‍സിയുടെ റമിറസ്, ഡാന്‍േറാസ് താരങ്ങളായ ഗാന്‍സോ, ഇലാനോ, ടോട്ടന്‍ഹാമിന്റെ സാന്‍ഡ്രോ, ശാക്‌റിന്റെ ജാഡ്‌സണ്‍, സാവോപോളോയുടെ ലൂകാസ് മോറ, അത്‌ലറ്റികോ മഡ്രിഡിന്റെ എലിയാസ് എന്നിവരാണ്. പ്രതിരോധചുമതല ഇന്റര്‍ താരങ്ങളായ ലൂസിയോ, മൈകോണ്‍, ബാഴ്‌സയുടെ ഡാനിയല്‍ ആല്‍പ്‌സ്, മിലാന്റെ തിയാഗോ സില്‍വ, ഫെനര്‍ബാഷെയുടെ ആന്ദ്രെ സാന്‍േറാസ്, ചെല്‍സിയുടെ ഡേവിഡ് ലൂയിസ്, ബെനഫികയുടെ ലൂയിസാവോ, ബാഴ്‌സയുടെ അഡ്രിയാനോ എന്നിവരിലാണ്. വിശ്വസ്തനായ ഗോള്‍കീപ്പര്‍ ജൂലിയോ സീസറാണ് കാനറികളുടെ കരുത്ത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.