May 18 Fri 2012
10:16:05
Homepage
About us
Contact us
Send your feedback
facebook
twitter
feed

ബി.സി.സി.ഐക്കെന്താ കൊമ്പുണ്ടോ?

ബി.സി.സി.ഐക്കെന്താ കൊമ്പുണ്ടോ?

ഒരു കായികവിനോദത്തില്‍ അതിനെ ഭരിക്കുന്ന സംഘടനകള്‍ കൈക്കൊള്ളുന്ന പരിഷ്‌കാരങ്ങളും നിയമഭേദഗതികളും ആ സംഘടനക്ക് കീഴിലുള്ള അംഗരാജ്യങ്ങളും ക്ലബുകളുമെല്ലാം അംഗീകരിക്കുകയാണ് പതിവ്; ആ തീരുമാനങ്ങളോട് സ്വരച്ചേര്‍ച്ചയില്ലെങ്കില്‍പോലും. ആഗോള ഫുട്ബാള്‍ സംഘടനയായ ഫിഫ ഓഫ്‌സൈഡ് തീരുമാനം പരിഷ്‌കരിച്ചപ്പോള്‍ ബ്രസീലോ അര്‍ജന്റീനയോ ഇംഗ്ലണ്ടോ ഞങ്ങളത് അനുസരിക്കില്ലെന്നും അല്ലാതെയുള്ള കളി മതിയെന്നും പ്രഖ്യാപിച്ച് മുഷ്ടിചുരുട്ടി നടക്കുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.

എന്നാല്‍, ക്രിക്കറ്റ് എന്ന കളിയില്‍ ഉയര്‍ന്നുകേള്‍ക്കുന്നതിപ്പോള്‍ അംഗരാജ്യങ്ങളിലൊന്നിലെ ബോര്‍ഡിന്റെ അനുസരണക്കേടിന്റെ സ്വരമാണ്. അതാകട്ടെ, നമ്മുടെ സ്വന്തം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണുതാനും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ അമ്പയര്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം (യു.ഡി.ആര്‍.എസ്) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) കടുത്ത എതിര്‍പ്പിനിരയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമ്പയര്‍മാരുടെ തീരുമാനങ്ങളില്‍ സംശയമുണ്ടെങ്കില്‍ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുന്ന രീതിയാണ് ഡി.ആര്‍.എസ്. സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ തീരുമാനം ഇഴകീറി പരിശോധിക്കുന്ന രീതി ക്രിക്കറ്റ് ലോകത്ത് ഏറെ സ്വീകാര്യമായി മാറിയെങ്കിലും ബി.സി.സി.ഐ എതിര്‍പ്പിന്റെ ക്രീസില്‍ തന്നെയാണ്.

ഇന്ത്യ പങ്കെടുക്കുന്ന മത്സരങ്ങളിലൊന്നും അമ്പയര്‍മാരുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുന്ന രീതി ഏര്‍പ്പെടുത്തരുതെന്ന് ശക്തമായ ഭാഷയിലാണ് ബി.സി.സി.ഐ നിര്‍ദേശം നല്‍കുന്നത്. വെസ്റ്റന്‍ഡീസിനെതിരായ പരമ്പരയില്‍ യു.ഡി.ആര്‍.എസ് ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നുവെച്ചിരുന്നു. ഇനി ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും യു.ഡി.ആര്‍.എസ് ആവശ്യമില്ലെന്നാണ് ബി.സി.സി.ഐയുടെ പക്ഷം. ഇന്നത്തെ രീതിയില്‍ റിവ്യൂ സിസ്റ്റം സ്വീകാര്യമല്ലെന്നും ബാള്‍ ട്രാക്കിങ് ടെക്‌നോളജിയുടെ ആധികാരികതയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നുമാണ് ഇന്ത്യന്‍ ബോര്‍ഡിന്റെ നിലപാട്. റിവ്യൂ സിസ്റ്റം എന്ന ആശയം ഐ.സി.സി അവതരിപ്പിച്ചപ്പോള്‍ മുതല്‍ ബി.സി.സി.ഐ എതിര്‍പ്പുമായി രംഗത്തുണ്ട്.

എന്നാല്‍, റിവ്യൂ സിസ്റ്റത്തിന് താന്‍ എതിരല്ലെന്ന് ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സചിന്‍ ടെണ്ടുല്‍കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഹോട്ട് സ്‌പോട്ട്, സ്‌നിക്കോ മീറ്റര്‍ തുടങ്ങിയ സംവിധാനങ്ങളൊരുക്കി എല്‍.ബി.ഡബ്ല്യൂ, വിക്കറ്റിന് പിന്നിലെ ക്യാച്ചുകള്‍ എന്നിവയില്‍ തീരുമാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണമെന്നാണ് സചിന്റെ ആവശ്യം. ടെസ്റ്റ് മത്സരങ്ങളില്‍ ഡി.ആര്‍.എസ് നടപ്പാക്കാന്‍ ഇന്ത്യന്‍ ബോര്‍ഡ് അനുവദിക്കാത്തതിനെതിരെ മറ്റു പല രാജ്യങ്ങളില്‍നിന്നും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ഡി.ആര്‍.എസ് വേണ്ടെന്ന ബി.സി.സി.ഐ തീരുമാനത്തില്‍ ഇംഗ്ലീഷ് താരങ്ങളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗ്രേയംസ്വാന്‍, ക്രിസ് ട്രെംലറ്റ് തുടങ്ങിയവര്‍ വിമര്‍ശമുയര്‍ത്തിയിട്ടുണ്ട്.

പണമൊഴുകുന്ന ഇന്ത്യന്‍ ബോര്‍ഡിനെതിരെ ചെറുവിരലുയര്‍ത്താന്‍ പോലും ഐ.സി.സിക്ക് ത്രാണിയില്ലെന്ന് ശ്രീലങ്കയടക്കമുള്ള അംഗരാജ്യങ്ങള്‍ കുറ്റപ്പെടുത്തിയത് ഈയിടെയാണ്. റിവ്യൂ സിസ്റ്റത്തിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാട് പരക്കെ വിമര്‍ശിക്കപ്പെടുമ്പോഴും സീനിയര്‍ താരങ്ങളുമായി ഇക്കാര്യത്തില്‍ കൂടിയാലോചിക്കാന്‍ പോലും ബോര്‍ഡ് തയാറായില്ല. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഒരുപരിധിവരെ വിജയകരമായി നടപ്പാക്കിയ രീതി തൊട്ടുപിന്നാലെ വന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബി.സി.സി.ഐ പാടെ തിരസ്‌കരിക്കുകയായിരുന്നു.

ഏറക്കുറെ കൃത്യവും ആശ്രയിക്കാവുന്നതും തീരുമാനങ്ങളെടുക്കുന്നതിനെ ഗുണപരമായി സ്വാധീനിക്കുന്നതുമെന്ന് റിവ്യൂ സിസ്റ്റത്തെക്കുറിച്ച് ഐ.സി.സി വ്യക്തമായ ധാരണ പുലര്‍ത്തുമ്പോഴാണ് തങ്ങളുടെ തീരുമാനത്തെ ഏകപക്ഷീയമായി തിരസ്‌കരിക്കുന്ന ബി.സി.സി.ഐ നിലപാടിനെ എതിര്‍ക്കാതിരിക്കുന്നത്. 'ലോക ക്രിക്കറ്റിലുടനീളം ഒരു നിയമം നടപ്പാക്കാന്‍ ഐ.സി.സി ആര്‍ജവം കാട്ടേണ്ടിയിരിക്കുന്നു. ക്രിക്കറ്റ് ലോകത്തിന്റെ മൊത്തം തീരുമാനത്തെ ഭരിക്കാന്‍ ഒരു അംഗ രാജ്യത്തെ അനുവദിക്കുകയെന്ന വിഡ്ഢിത്തത്തിന് ഐ.സി.സി കൂട്ടുനില്‍ക്കരുത്' -മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡി പറഞ്ഞു.

ഹോട്ട് സ്‌പോട്ടും സ്‌നിക്കോ മീറ്ററുമുള്‍പ്പെടെ നൂറു ശതമാനം ശരിയായ തീരുമാനങ്ങളെടുക്കുന്ന സംവിധാനമൊരുക്കണമെന്നു വാദിക്കുന്ന ബി.സി.സി.ഐ ഇപ്പോഴത്തെ സംവിധാനങ്ങളില്‍നിന്നും ലഭിക്കുന്ന ഗുണഫലത്തെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ക്രിക് ഇന്‍ഫോ ഡോട്ട് കോം സീനിയര്‍ എഡിറ്റര്‍ ശാരദ ഉഗ്ര ചോദിക്കുന്നു. കഴിഞ്ഞ ആഷസ് പരമ്പരയില്‍ 'ഹോട്ട്ട്രാക്ക്' എന്ന ആധുനിക സംവിധാനത്തിന്റെ സഹായത്താല്‍ റിവ്യൂ സിസ്റ്റം ഏറെ ഫലപ്രദമായി നടപ്പാക്കിയെന്നു ചൂണ്ടിക്കാട്ടിയ ഉഗ്ര ആസ്‌ട്രേലിയയില്‍ അതിന്റെ പ്രവര്‍ത്തനരീതി കാണാന്‍പോലും ബി.സി.സി.ഐ താല്‍പര്യം കാട്ടിയില്ലെന്ന് കുറ്റപ്പെടുത്തി.

ഒരു സെക്കന്‍ഡില്‍ പിച്ചിനുനേരെ 230 ഫ്രെയിമുകള്‍ സാധ്യമായ തരത്തിലുള്ള അത്യാധുനിക കാമറകളാണ് റിവ്യൂ സമ്പ്രദായത്തില്‍ ഉപയോഗിക്കുന്നത്. സംഭവങ്ങളെ മില്ലിമീറ്ററുകളില്‍ ഇഴകീറി പരിശോധിക്കപ്പെടുന്നു. ഡി.ആര്‍.എസിന് പോരായ്മ ഉണ്ടെങ്കിലും പുറത്തായ പന്ത് നോബോളാണോ എല്‍.ബി.ഡബ്ല്യൂ തീരുമാനത്തില്‍ പന്ത് ആദ്യം ബാറ്റില്‍ തട്ടിയിരുന്നോ ലെഗ്‌സ്റ്റമ്പിന് പുറത്താണോ പിച്ച് ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ തീരുമാനത്തിലെത്താന്‍ കഴിയുന്നത് ന്യൂനതകളെ മായ്ക്കുന്ന ഗുണവശങ്ങളാണെന്ന് ലോകത്തെ മികച്ച ക്രിക്കറ്റര്‍മാര്‍ പലരും കരുതുന്നു.

എം.എസ്. ധോണി ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന താരങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക ക്രിക്കറ്റര്‍മാരും ഡി.ആര്‍.എസിനെ പിന്തുണക്കുന്നവരാണ്.

റിവ്യൂ സിസ്റ്റം കര്‍ശന നിയമമായി നടപ്പാക്കണമെന്നാണ് ഉഗ്ര അടക്കം പല ക്രിക്കറ്റ് നിരീക്ഷകരുടെയും അഭിപ്രായം. എന്നാല്‍, കളിക്കാരെയും അമ്പയര്‍മാരെയുംകാള്‍ ടി.വി പ്രേക്ഷകരെയാണ് ഡി.ആര്‍.എസ് കാര്യമായി ഉന്നമിടുന്നതെന്ന് വിമര്‍ശമുണ്ട്. ഡേ-നൈറ്റ് മത്സരങ്ങള്‍ക്കും വര്‍ണക്കുപ്പായങ്ങള്‍ക്കും ന്യൂട്രല്‍ അമ്പയര്‍മാര്‍ക്കുമെതിരെ തുടക്കകാലത്ത് ഉയര്‍ന്ന ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ പോലെ റിവ്യൂ സിസ്റ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഇന്നത്തെ എതിര്‍പ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ബുദ്ധിശൂന്യമായ പ്രവൃത്തികളിലൊന്നായി രേഖപ്പെടുത്തപ്പെടുമെന്നും ഉഗ്ര പരിഹസിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.