May 18 Fri 2012
10:16:05
Homepage
About us
Contact us
Send your feedback
facebook
twitter
feed

ഇത് അതിശയിപ്പിക്കുന്ന യാത്ര -പേസ്

ഇത് അതിശയിപ്പിക്കുന്ന യാത്ര -പേസ്

ചെന്നൈ: ഇന്ത്യന്‍ ടെന്നിസിലെന്നല്ല, ലോക ടെന്നിസില്‍ തന്നെ മുഖവുര ആവശ്യമില്ലാത്ത പേരാണ് ലിയാണ്ടര്‍ പേസിന്‍േറത്. പ്രായം തളര്‍ത്താത്ത പോരാളിയായി പ്രഫഷനല്‍ ടെന്നിസ് സര്‍ക്യൂട്ടില്‍ പേരെടുത്ത ഈ 37കാരന്‍ 21ാം സീസണിലാണിപ്പോള്‍ റാക്കറ്റേന്തുന്നത്. രാജ്യാന്തര പോരാട്ടങ്ങളില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്താന്‍ എണ്ണമറ്റ എയ്‌സുകളും വിന്നറുകളുമുതിര്‍ത്ത ലിയാണ്ടര്‍ ഡേവിസ് കപ്പ് മത്സരങ്ങളില്‍ രണ്ട് ദശകമായി രാജ്യത്തിന്റെ മുന്നണിപ്പോരാളിയാണ്. 12 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തം പേരില്‍ കുറിച്ച പേസ് കഴിഞ്ഞ ദിവസം ബ്രസീലിനെ തോല്‍പിച്ച് ഇന്ത്യ ഡേവിസ് കപ്പ് ലോക ഗ്രൂപ്പില്‍ തിരിച്ചെത്തിയപ്പോള്‍ ആ നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയുടെ ടെന്നിസ് ഇതിഹാസം തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുന്നു.

* പ്രഫഷനല്‍ കളിക്കാരനായി രണ്ട് ദശാബ്ദം പിന്നിട്ടതിനെക്കുറിച്ച്?
=അതിശയിപ്പിക്കുന്ന യാത്രയാണിത്. 1986ലെ ഡേവിസ് കപ്പില്‍ ബാള്‍ബോയ് ആയിട്ടായിരുന്നു ഈ യാത്രയുടെ തുടക്കം. പിന്നീട് ജൂനിയര്‍ ഡേവിസ് കപ്പ് ടീമിലും സീനിയര്‍ ഡേവിസ് കപ്പ് ടീമിലും ഇടം കിട്ടി. ഒരു ഡബ്ള്‍സ് മത്സരത്തിലാണ് ഡേവിസ് കപ്പില്‍ ഞാന്‍ ആദ്യമായി കളത്തിലിറങ്ങിയത്. കരിയറിനിടെ സിംഗിള്‍സുകളില്‍നിന്ന് ഡബ്ള്‍സിലേക്ക് ശ്രദ്ധേമാറി. ഡേവിസ് കപ്പ് ക്യാപ്റ്റനായി. പിന്നീട് കളിക്കാരനായി ടീമില്‍ തിരിച്ചെത്തി.

* ഫുട്ബാളിനെ വിട്ട് ടെന്നിസ് തിരഞ്ഞെടുക്കാന്‍ കാരണം?
=ടെന്നിസ് ഞാന്‍ സ്വമേധയാ തിരഞ്ഞെടുത്തതാണ്.വളരെ ബോധപൂര്‍വമായ തീരുമാനമായിരുന്നു അത്. ടെന്നിസ് വ്യക്തിഗത മത്സരമാണ്. കളത്തിലെ 'ജോലിഭാരം' ചുമലിലേറ്റാന്‍ അതെന്നെ പഠിപ്പിച്ചു. ഒരുപാടു വര്‍ഷം കഠിനാധ്വാനം ചെയ്തതിനുള്ള പ്രതിഫലമായാണ് എനിക്ക് ഒളിമ്പിക് മെഡല്‍ ലഭിച്ചത്.
* ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന മുഹൂര്‍ത്തങ്ങള്‍?
=യു.എസ് ഓപണിലേയും വിംബിള്‍ഡണിലേയും ജൂനിയര്‍ കിരീടങ്ങള്‍, 1996 അത്‌ലാന്റ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍, ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍.... അതെല്ലാം. എന്റെ കരിയറിലെ അഭിമാനമുഹൂര്‍ത്തങ്ങളാണ്. എല്ലാറ്റിനും അതിന്‍േറതായ സവിശേഷതകളുമുണ്ട്. 16 വര്‍ഷം കഠിനാധ്വാനം ചെയ്താണ് ഒളിമ്പിക് മെഡല്‍ നേടുന്നത്. എന്റെ മാതാപിതാക്കളും ഞാനും നടത്തിയ ആത്മാര്‍പ്പണത്തിന്റെ ഫലമാണത്.

* മഹേഷ് ഭൂപതിയുമായുള്ള കൂട്ടുകെട്ടിനെ എങ്ങനെ വിലയിരുത്തുന്നു.
= ഞങ്ങള്‍ ഒന്നിച്ചു കരഗതമാക്കിയ മഹദ്‌നേട്ടങ്ങളില്‍ മഹേഷിനോട് വളരെയേറെ ആദരവാണെനിക്കുള്ളത്. ഒരുപാട് പങ്കാളികള്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, എന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം സ്വന്തം നാട്ടുകാരനായ മഹേഷിനൊപ്പമായിരുന്നു. എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് മഹേഷായിരുന്നു. അവനുമായുള്ള ആശയവിനിമയത്തില്‍ എന്റെ പരാജയമാണ് ഒരു പക്ഷേ ഞങ്ങളുടെ കൂട്ടുകെട്ട് തകരാന്‍ കാരണം. കുറച്ചുകൂടി ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ഞങ്ങളൊന്നിച്ച് നേടിയിരുന്നെങ്കില്‍ അത് മഹത്തരമായേനേ.

* ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
=എല്ലാ ഗ്രാന്‍ഡ്സ്ലാമുകളും സവിശേഷമായതെന്ന് കരുതുന്നവനാണ് ഞാന്‍. ഒന്ന് മറ്റൊന്നിനേക്കാള്‍ കേമമെന്ന വിശ്വാസമില്ല. ഉദാഹരണത്തിന്, വിംബിള്‍ഡണില്‍ മാര്‍ട്ടിന നവരത്തിലോവക്കൊപ്പം നേടിയ മിക്‌സഡ് ഡബ്ള്‍സ് കിരീടവും കഴിഞ്ഞവര്‍ഷം ലൂക്കാസ് ദിലൗഹിക്കൊപ്പം നേടിയ രണ്ട് ഗ്രാന്‍ഡ്സ്ലാമുകളുമെല്ലാം ഏറെ സ്‌പെഷല്‍ തന്നെ.

* കളത്തിലെ പങ്കാളികളെക്കുറിച്ച്?
=അതികേമന്മാരായ ഡബ്ള്‍സ് പങ്കാളികളാണ് എനിക്കുണ്ടായിരുന്നത്. ആദ്യ കൂട്ടുകാരന്‍ സെബാസ്റ്റിയന്‍ ലാറൂ, പിന്നെ തകര്‍പ്പന്‍ സീസണുകള്‍ സമ്മാനിച്ച മഹേഷ് ഭൂപതി, ഇതിഹാസതാരം മാര്‍ട്ടിന നവരത്തിലോവ, മാര്‍ട്ടിന്‍ ഡാം തുടങ്ങിയവര്‍. തനിക്ക് ഗ്രാന്‍ഡ്സ്ലാം നേടാനുള്ള കരുത്തുണെന്ന് ഡാം ഒരിക്കലും വിശ്വസിച്ചിരുന്നില്ല. 'വരൂ, നമുക്കത് ജയിച്ചുവരാം' എന്ന് ഞാനവനെ വിശ്വസിപ്പിക്കുകയായിരുന്നു. 2006ല്‍ ഞങ്ങള്‍ യു.എസ് ഓപണ്‍ ജയിച്ചു.

* ഡേവിസ് കപ്പിലെ 20 വര്‍ഷം എങ്ങനെ കാണുന്നു?
=ഡേവിസ് കപ്പില്‍ രണ്ട് ദശാബ്ദം കുറിക്കാന്‍ എനിക്ക് കഴിഞ്ഞത് ഡേവിസ് കപ്പില്‍ ഇന്ത്യയുടെ കുതിപ്പിന്റെ ആഘോഷമായാണ് ഞാന്‍ കാണുന്നത്. എല്ലായ്‌പോഴും ഞാനൊരു ടീംമാനായിരുന്നു. ടീമിന് എന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് ആവശ്യമില്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ ആ സ്ഥാനമൊഴിഞ്ഞിരുന്നു.

* ഇനിയുള്ള ലക്ഷ്യം?
=2012 ലെ ഒളിമ്പിക്‌സ് എന്റെ മനസ്സിലുണ്ട്. അവിടെ കളിക്കണമെന്നാണ് ആഗ്രഹം. എനിക്കും മഹേഷിനുമൊന്നിച്ച് രാജ്യത്തിനുവേണ്ടി ഒളിമ്പിക് മെഡല്‍ നേടാന്‍ കഴിഞ്ഞില്ലല്ലോ എന്ന നിരാശ ശക്തമാണ്. 1996, 2000, 2004, 2008 ഒളിമ്പിക്‌സുകളില്‍ ഞങ്ങള്‍ റാക്കറ്റേന്തിയിരുന്നു. ഫിറ്റ്‌നസും ഫോമും അനുകൂലമാണെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ അവസാന ശ്രമം നടത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.